Shabab(Vijanam)വിജനപ്രദേശത്തെ സഹായാര്‍ത്ഥന:



വിജനപ്രദേശത്തെ സഹായാര്‍ത്ഥന:
ശബാബും നവയാഥാസ്ഥിതികരും


കഴിഞ്ഞ കുറച്ചു കാലമായി ഭിന്നിപ്പുകാരുടെ പ്രധാന ഗവേഷണം ജിന്നുകളോടും മലക്കുകളോടുമുളള സഹാര്‍ത്ഥന സംബന്ധിച്ചാണ്‌. മുജാഹിദ്‌ പ്രസ്ഥാനം അതിന്റെ ഒന്നാം തിയതി തൊട്ട്‌ പുലര്‍ത്തിപ്പോന്ന, ഇത്‌ ശിര്‍ക്കാണെന്ന നിലപാട്‌ പൊളിച്ചെഴുതണം. പ്രസ്ഥാനത്തിലെ ആദര്‍ശ സ്‌നേഹികളെകുറിച്ച്‌ ആടിനെ പട്ടിയാക്കും വിധം ആദര്‍ശവ്യതിയാനത്തിന്റെ വാഹകരായി തെറ്റിദ്ധരിപ്പിച്ച്‌ അവരില്‍ നിന്ന്‌ വേറിട്ട്‌ പാകപ്പെടുത്തിയെടുത്ത മണ്ണില്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുന്ന ഇറക്കുമതി മന്‍ഹജിന്റെ ഭാഗമാണത്രെ ഇത്‌. ഈ പൊളിച്ചെഴുത്തിന്റെ ചുമതല സി ഡി ടവറില്‍ നിന്നും നല്‍കിയിട്ടുളളത്‌ ഇക്കൂട്ടരുടെ തൗഹീദിന്റെ ഗോഡൗണെന്ന്‌ ഖ്യാതി നേടിയ കൊണ്ടൊട്ടി തുറക്കല്‍കാരനായ മൗലവിക്കാണെന്നാണ്‌ മനസ്സിലാവുന്നത്‌.

ആദര്‍ശ രംഗത്തെ ഈചുവടുമാറ്റം സൃഷ്ടിച്ച ആശയക്കുഴപ്പത്തില്‍ നിന്നും മുഖം മറക്കാന്‍ ഇക്കൂട്ടര്‍ ഇയ്യിടെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്‌ ശബാബും ജബ്ബാര്‍ മൗലവിയുടെ വാദം നേരത്തെ എഴുതിയിട്ടുണ്ടെന്ന്‌. അക്കാര്യം നമുക്കൊന്ന്‌ പരിശോധിക്കാം.
ഇസ്വ്‌ലാഹ്‌ മാസിക എഴുതിയത്‌:
രാത്രിയുടെ ഇരുളില്‍ തപ്പിത്തടഞ്ഞ്‌ നീങ്ങുന്ന ഒരാള്‍ തന്റെ തൊട്ടടുത്ത്‌ നിന്ന്‌ ശബ്ദം കേള്‍ക്കുന്നു. ആളെ കാണുന്നില്ല. തന്റെ മുന്‍പിലുളള ഈ ശബ്ദത്തിന്റെ ഉടമ ജിന്നായിരിക്കാം എന്ന വിശ്വാസത്തില്‍ എന്നെ ഒന്ന്‌ സഹായിക്കാമോ ഒരു വെളിച്ചം തരാമോ എന്നാവശ്യപ്പെട്ടാല്‍ അത്‌ അഭൗതികമോ കാര്യകാരണ ബന്ധത്തിന്‌ അപ്പുറത്തുളളതോ അല്ലെങ്കില്‍ സൃഷ്ടികളുടെ കഴിവില്‍ പെടാത്തത്‌ തേടുകയല്ല. ആ സഹായാര്‍ത്ഥന ശിര്‍ക്കുമല്ല.
പകല്‍ വെളിച്ചത്തില്‍ വിജനമായ മരുഭൂമുിയിലൂടെ വഴിയറിയാതെ നടന്നു നീങ്ങുന്ന ഒരാള്‍ പരിസരത്ത്‌ ആരെയും കാണുന്നില്ല, ഇവിടെ എന്റെ ശബ്ദം കേള്‍ക്കുന്ന ആരെങ്കിലും ( മനുഷ്യന്‍, മലക്ക്‌, ജിന്ന്‌) എന്നെ സഹായിക്കട്ടെ എന്ന്‌ നിനച്ച്‌ പടപ്പുകളേ എന്നെ സഹയിക്കണേ, എനിക്ക്‌ വഴി കാണിച്ചു തരണേ എന്ന്‌ ഉച്ചത്തില്‍ വിളിച്ചു പറയുന്നുവെങ്കില്‍ അഭൗതിക മാര്‍ഗ്ഗത്തിലുളള സഹായതേട്ടം അതിലില്ല.(ഇസ്വ്‌ലാഹ്‌ മാസിക, 2007 ഏപ്രില്‍)
അതായത്‌, രാത്രിയുടെ ഇരുട്ടിലും പകല്‍ വെളിച്ചത്തിലെ വിജനതയിലുമൊക്കെ ജിന്നിനെയും മലക്കിനെയും ഉദ്ദേശിച്ചു കൊണ്ടും അവ സഹായിക്കുമെന്ന്‌ വിശ്വസിച്ചു കൊണ്ടും അവരോട്‌ സഹായം തേടാം. അത്‌ ശിര്‍ക്കിന്റെ പരിധിയില്‍ വരില്ലെന്ന്‌ സമര്‍ത്ഥിക്കുകയാണ്‌ എ പി വിഭാഗത്തിന്റെ പണ്ഡിതന്‍. മേല്‍ ഉദ്ധരണിയില്‍ മലക്കിനെയും ജിന്നിനെയും ഉദ്ദേശിച്ച്‌ സഹായം തേടുന്ന പരാമര്‍ശം തന്നെയാണ്‌ ഇതിലെ അപകടം. അല്ലാതെ അല്ലാഹുവിന്റെ പടപ്പുകളേ എന്ന്‌ വിളിക്കുന്നതിലല്ല. ഇനി ശബാബ്‌ പറഞ്ഞതെന്താണെന്ന്‌ നമുക്ക്‌ നോക്കാം:
ശബാബ്‌ എഴുതിയത്‌:
....ജിന്നുകള്‍ അല്ലാഹുവിന്റെ സൃഷ്ടികളാണ്‌. അവരുടെ അസ്‌തിത്വത്തെയോ കഴിവുകളെയോ സംബന്ധിച്ച്‌ വിശദവിവരങ്ങള്‍ ഖുര്‍ആനിലോ പ്രാമാണികമായ ഹദീഥുകളിലോ ഇല്ല. സുലൈമാന്‍ നബി(അ) ജിന്നുകളെക്കൊണ്ട്‌ ജോലി ചെയ്യിച്ചിരുന്നു.അവരോട്‌ പല കാര്യങ്ങളും ആവശ്യപ്പെട്ടിരുന്നു. എനാല്‍ അദ്ദേഹം ജിന്നുകളോട്‌ പ്രാര്‍ത്ഥിച്ചുവെന്ന്‌ ഖുര്‍ആനിലോ ഹദീഥിലോ പറഞ്ഞിട്ടില്ല. അതു പോലെ വിജനപ്രദേശത്ത്‌ ഉണ്ടായേക്കാന്‍ ഇടയുളള ജിന്നുകളും മലക്കുകളും ഉള്‍പ്പെടെയുളള സൃഷ്ടികളോട്‌ അവര്‍ക്ക്‌ കഴിവു നല്‍കപ്പെട്ട വിഷയത്തില്‍ സഹായം ആവശ്യപ്പെട്ടാല്‍ അതും പ്രാര്‍ത്ഥനയാണെന്ന്‌ പറയാവുന്നതല്ല. പക്ഷെ, ഒറ്റപ്പെട്ട ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇങ്ങിനെയുളള സഹായാര്‍ത്ഥന ഇസ്ലാമിലെ ഒരു അംഗീകൃത സമ്പ്രദായമണെന്ന്‌ പറയാവുന്നതല്ല. നബി(സ)യുടെ അടുത്ത്‌ പതിവായി ദിവ്യസന്ദേശവുമായി എത്താറുണ്ടായിരുന്ന ജിബ്‌രീല്‍ എന്ന മലക്കിനോട്‌ സഹായം തേടാന്‍ പോലും നബി(സ) സ്വഹാബികളോട്‌ നിര്‍ദ്ദേശിച്ചിട്ടില്ല.(പ്രാര്‍ത്ഥന, തൗഹീദ്‌: ചോദ്യങ്ങള്‍ക്ക്‌ മറുപടി പേജ്‌:103)

ജിന്നുകളുടെ കഴിവുകള്‍ നമുക്ക്‌ തീര്‍ത്തും അജ്ഞാതമാണ്‌. നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ സഹായിക്കാനുളള കഴിവ്‌ അവര്‍ക്കുണ്ടെന്ന്‌ പ്രമാണങ്ങളിലൂടെ പഠിപ്പിക്കപ്പെട്ടിട്ടില്ല. അത്തരത്തില്‍ അവര്‍ക്ക്‌ കഴിവ്‌ നല്‍കപ്പെട്ടതായി(വിവരം ലഭിക്കുന്ന) ഒരു കാര്യത്തില്‍ അവരോട്‌ സഹായം ആവശ്യപ്പെടുന്നത്‌ പ്രാര്‍ത്ഥനയാണെന്ന്‌ പറയാവുന്നതല്ല. ഖുര്‍ആനിലോ പ്രാമാണികമായ ഹദീഥിലോ അത്തരം ഒരു കഴിവും സൂചിപ്പിച്ചിട്ടില്ല എന്നു വ്യക്തമാക്കിയതിനു ശേഷമുളള ഈ പരാമര്‍ശം സ്വാഭാവികമായും അസംഭവ്യമായ ഒരു കാര്യത്തെയാണല്ലോ സൂചിപ്പിക്കുക. സുലൈമാന്‍ നബിയുടെ കാര്യം ഉദാഹരിച്ചതിലൂടെ ഈ കാര്യം കൂടുതല്‍ വ്യക്തമാക്കുന്നു. സുലൈമാന്‍ നബി(അ)ക്ക്‌ ജിന്നുകളെ ഉപയോഗപ്പെടുത്താനുളള അവസരം അല്ലാഹു അദ്ദേഹത്തിനു മാത്രം പ്രത്യേകം നല്‍കിയതാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ (38:3538)വ്യക്തമാക്കിയിട്ടുണ്ട്‌. ജിന്നുകള്‍ക്ക്‌ സുലൈമാന്‍ നബി(അ)യെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം സഹായിക്കാന്‍ അല്ലാഹു കഴിവു നല്‍കി. അതു കൊണ്ട്‌ തന്നെ അദ്ദേഹം ജിന്നുകളോട്‌ പലതും ആവശ്യപ്പെട്ടിട്ടും അതൊന്നും ഖുര്‍ആനും ഹദീഥും പ്രാര്‍ത്ഥനയായി പരിചയപ്പെടുത്തിയില്ല എന്നാണ്‌ ശബാബ്‌ എഴുതിയത്‌.
ജിബ്‌രീല്‍ വഴിയുളള സഹായങ്ങള്‍ അനുഭവിക്കാറുണ്ടായിരുന്ന നബി(സ)ഒരിക്കല്‍ പോലും ജിബ്‌രീലിന്റെ സഹായം തേടാന്‍ സ്വഹാബികളോട്‌ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല എന്നും ജിന്നിനോടൂം മലക്കിനോടും സഹായം തേടുന്നത്‌ ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്നുമൊക്കെ വളരെ കൃത്യമായി വ്യക്തമക്കിയിട്ടുണ്ട്‌ മേല്‍ ഉദ്ധരണികളില്‍. ജിന്നിനോടും മലക്കിനോടും സഹായം തേടുന്നത്‌ തെറ്റല്ലെന്ന്‌ വ്യക്തമാക്കാനാണ്‌ ഇസ്വ്‌ലാഹ്‌ മാസികയിലെ ഉദ്ധരണിയെങ്കില്‍ അത്‌ പൂര്‍ണ്ണമായും തെറ്റാണെന്ന്‌ സ്ഥാപിക്കാനാണ്‌ ശബാബിന്റെ വരികള്‍. എന്നിട്ടു കൂടി തങ്ങളുടെ പിഴച്ചവാദത്തിന്‌ ശബാബിന്റെ വരികളെ കൂടി കൂട്ടുപിടിക്കാന്‍ സാഹസപ്പെടുകയാണ്‌ എ പി വിഭാഗം മുജാഹിദുകള്‍.
എ പി മുജാഹിദുകളുടെ ഈ നീച ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ മേല്‍ പരാമര്‍ശത്തിന്‌ ഒരു വിശദീകരണം കൂടി നല്‍കി ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മൗലവി. അതിപ്രകാരം: ...വിജനമായ ഒരു സ്ഥലത്ത്‌ നിന്ന്‌ അല്ലാഹുവിന്റെ അടിയാന്‍മാരേ നിങ്ങള്‍ എന്നെ സഹായിക്കണം എന്ന്‌ ഒരാള്‍ ആവശ്യപ്പെട്ടാല്‍ അത്‌ പ്രാര്‍ത്ഥനയാണെന്ന്‌ ഉറപ്പിച്ച്‌ പറയാന്‍ പറ്റില്ല. പ്രാര്‍ത്ഥന എന്നാല്‍ ഏറെ താഴ്‌മയോടെയുളള (കാര്യകാരണ ബന്ധത്തിനപ്പുറമുളള)അപേക്ഷയാണെന്നാണ്‌ മുസ്‌ലിം മനസ്സിലാക്കിയിട്ടുളളത്‌. അല്ലാഹുവിന്റെ അടിയാന്‍മാരേ നിങ്ങള്‍ ഇന്ന കാര്യം ചെയ്യണം എന്ന്‌ ആവശ്യപ്പെട്ടാല്‍ അത്‌ പ്രാര്‍ത്ഥനയാണോ എന്ന കാര്യത്തില്‍ മുസ്‌ലിമിന്‌ സംശയമുണ്ട്‌.(ശബാബ്‌:2009ഡിസംബര്‍ 11)
വിജനമായ സ്ഥലത്ത്‌ വെച്ച്‌ ജിന്ന്‌, മലക്ക്‌ എന്നിവ സഹായിക്കുമെന്നും വഴികാണിച്ചു തരുമെന്നും നിനച്ച്‌ സഹായം തേടുന്നതാണ്‌ വിവാദത്തിലിരിക്കുന്ന വിഷയം. തന്റെ ശബ്ദം കേട്ട്‌ ആരെങ്കിലുമൊന്ന്‌ സഹായിക്കണേ എന്ന മനുഷ്യസഹജമായ സഹായതേട്ടവും ജിന്നിനെയും മലക്കിനെയും മനസ്സിലുദ്ദേശിച്ചു കൊണ്ടുളള സഹായ തേട്ടവും അജഗജാന്തരമുണ്ട്‌ നവയാഥാസ്ഥിതിക പുരോഹിതന്‍മാരേ. ഇവ കൂട്ടിക്കെട്ടി ശിര്‍ക്കിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്‌ മൗഢ്യമാണെന്നെങ്കിലും തിരിച്ചറിയുക.
ശബാബ്‌ മേല്‍ മറുപടിയില്‍ തുടര്‍ന്നെഴുതുന്നത്‌ കൂടി കാണുക: മുന്‍പില്‍ മനുഷ്യരെ ആരെയും കാണുന്നില്ലെങ്കില്‍ ഏത്‌ ആവശ്യത്തിനും അല്ലാഹുവോട്‌ മാത്രം സഹായം തേടുക എന്നതാണ്‌ ഇസ്ലാമിലെ അംഗീകൃത സമ്പ്രദായം. ഇതിനാണ്‌ നൂറു കണക്കിന്‌ ആയത്തുകളുടെയും പ്രാമാണികമായ ഹദീഥുകളുടെയും പിന്‍ബലമുളളത്‌. ഒറ്റപ്പെട്ട ഒരു ഹദീഥ്‌ തെളിവായി ഉന്നയിച്ചു കൊണ്ട്‌ ഇതിന്‌ വിപരീതമായ ഒരു സമ്പ്രദായം സ്ഥാപിക്കാന്‍ പാടില്ല. ഒറ്റപ്പെട്ട ഹദീഥുകള്‍ ഉദ്ധരിച്ചു കൊണ്ട്‌ ഇസ്ലാമിലെ അംഗീകൃത നിലപാടുകള്‍ക്ക്‌ ഇളക്കമുണ്ടാക്കാന്‍ മുസ്‌ല്യാന്‍മാര്‍ ശ്രമിച്ചാലും മൗലവിമാര്‍ ശ്രമിച്ചാലും അത്‌ അന്യായം തന്നെയാണ്‌. മലക്കുകളോടോ ജിന്നുകളോടോ പ്രാര്‍ത്ഥിക്കാമെന്നോ പ്രാര്‍ത്ഥനയല്ലാത്ത സഹായം തേടാമെന്നോ അങ്ങിനെ സഹായം തേടുന്നതിന്‌ അല്ലാഹുവോ റസൂലോ(സ) നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നോ മുസ്‌ലിം ഒരിക്കലും എഴുതിയിട്ടില്ല(അതേ പുസ്‌തകം)
എത്ര വ്യക്തമാണ്‌ കാര്യം. ഭിന്നിപ്പുകാരുടെ ആദര്‍ശവും മുജാഹിദുകളുടെ ആദര്‍ശവും ഇക്കാര്യത്തില്‍ രണ്ടാണെന്ന്‌ മനസ്സിലാക്കാന്‍ ഇനിയെന്തു വേണം. ഹാജറ ബീവിയുടെയും മര്‍യം ബീവിയുടെയുമൊക്കെ സംഭവങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തും മറ്റും പണ്ടെഴുതിയ വരികളെ ആവര്‍ത്തിച്ച്‌ ന്യായീകരിച്ചു കൊണ്ടിരിക്കുന്ന ഭിന്നിപ്പുകാര്‍ ചുരുങ്ങിയത്‌ ഈ വിഷയകമായി ശബാബ്‌ നടത്തിയ ഈ വിശദീകരണമെങ്കിലും ഒന്ന്‌ വായിക്കേണ്ടതാണ്‌. എന്നിട്ടാവട്ടെ ഞങ്ങളും ശബാബും ഒരേ വീക്ഷണക്കാരെന്ന്‌ കൊട്ടിഘോഷിക്കാന്‍.
എ പി വിഭാഗം മുജാഹിദുകളിലെ ഒരു ഉള്‍ഗ്രൂപ്പായ സക്കരിയ്യാക്കള്‍ ഇന്നും ന്യായീകരിച്ചു കൊണ്ടിരിക്കുകയും അതിനായി കൂടുതല്‍ കൂടുതല്‍ അപകടകരമായ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പരാമൃഷ്ട ഉദ്ധരണി ഒരിക്കലും മുജാഹിദുകളുടെ ആദര്‍ശമല്ല. മുജാഹിദുകളുടെ ആദര്‍ശം നമുക്കിപ്രകാരം വായിക്കാം.
മന്ത്രവാദം ശിര്‍ക്കാണെന്ന്‌ സ്വഹീഹായ ഹദീഥില്‍ വന്നിരിക്കുന്നു. അദൃശ്യ സൃഷ്ടികളായ ജിന്നിന്റെയും ശൈത്വാന്റെയും അദൃശ്യമായ നിലയിലുളള സഹായം തേടല്‍ അതിലുളളത്‌ കൊണ്ടാണ്‌ അത്‌ ശിര്‍ക്കായത്‌. അല്ലാഹുവിന്റെ സഹയം തേടിക്കൊണ്ടുളള മന്ത്രമാണെങ്കില്‍ അതില്‍ ശിര്‍ക്കില്ല. ഇതുപോലെ തന്നെ ഉറുക്ക്‌ കെട്ടല്‍ ശിര്‍ക്കാണെന്ന്‌ ഹദീഥില്‍ വനിട്ടുണ്ട്‌. അദൃശ്യ സൃഷ്ടികളായ ജിന്നിന്റെയും പിശാചിന്റെയും സഹായം തേടുകയെന്ന ശിര്‍ക്കിന്റെ അടിസ്ഥാന കാരണം അതിലുണ്ട്‌(മര്‍ഹൂം കെ ഉമര്‍ മൗലവി, ഫാതിഹായുടെ തീരത്ത്‌: പേജ്‌:69)
.....അദൃശ്യലോകത്തില്‍ പെട്ട പിശാചുക്കളുടെയും ജിന്നുകളുടെയും സഹായം തേടുകയും അവരെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി ചിലത്‌ പ്രവര്‍ത്തിക്കുകയും ചെയ്‌തുകൊണ്ടുളളതാണ്‌ ആഭിചാരവും മന്ത്രവാദവും. അദൃശ്യമായ മാര്‍ഗ്ഗത്തില്‍ ഗുണം ആശിക്കുകയോ ദോഷം ഭയപ്പെടുകയോ ചെയ്‌തുകൊണ്ട്‌ താഴ്‌മ കാണിക്കല്‍ ആരധനയാണ്‌. അപ്പോള്‍ ജിന്നിനെയും പിശാചിനെയും ആരാധിക്കുക എന്ന ശിര്‍ക്ക്‌ ഇതില്‍ വന്നുകൂടുന്നുണ്ട്‌. അതുകൊണ്ടാണ്‌ ആഭിചാരവും മന്ത്രവദവും ശിര്‍ക്കും കുഫ്‌റുമായിത്തീര്‍ന്നത്‌.(പേജ്‌:125)
...ഇവിടെ നമ്മുടെ മുസ്ല്യാക്കളില്‍ ചിലര്‍ ജിന്നിന്റെയും ശൈത്വാന്റെയും സഹായം തേടുക എന്ന ശിര്‍ക്കിന്റെ ചുവയില്ലാതെ അല്ലാഹുവിന്റെ സഹായം മാത്രം തേടിക്കൊണ്ടും ഖുര്‍ആന്‍ ആയത്തുകളും ശരിയായ ചില പ്രാര്‍ത്ഥനകളും ഉപയോഗിച്ചു കൊണ്ടും മന്ത്രിക്കുന്നതും ഉറുക്കെഴുതിക്കെട്ടുന്നതും എഴുതി കലക്കി കുടിക്കുന്നതും ദോഷമില്ലെന്ന്‌ വാദിക്കുന്നുണ്ട്‌. എന്നാല്‍ ഈ മാതൃക ആര്‌ കാണിച്ചു? അതിനു പുറമെ ഓതാന്‍ കഴിയുന്ന എല്ലാവരെയും കൊണ്ട്‌ മന്ത്രിപ്പിക്കുകയോ എഴുതാന്‍ കഴിയുന്ന എല്ലാവരെ കൊണ്ടും ഉറുക്കും പിഞ്ഞാണവും എഴുതിക്കുകയോ ചെയ്യുന്നില്ലല്ലോ. അതിനൊക്കെ അലിഖിതമായ എന്തോ നിയമവ്യവസ്ഥയുണ്ട്‌. ആത്മീയമായി എന്തോ വിശേഷ നിലപാടും ജിന്നിനെയും പിശാചിനെയും സ്വാധീനിക്കാനുളള കഴിവുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്നവരെയാണ്‌ ഈ ആവശ്യത്തിന്‌ ആളുകള്‍ സമീപിക്കുന്നത്‌. അപ്പോള്‍ ഇവിടെ ഏതായാലും ഈ വ്യക്തിക്ക്‌ അദൃശ്യവും ആത്മീയവുമായ ഒരു പരിഗണനയുണ്ട്‌. അതിനാല്‍ ശിര്‍ക്കിന്റെ ചുവയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ പ്രയാസമാണ്‌(പേജ്‌:126,127)

ഇതിനും വിശദീകരണം പോലും ആവശ്യമില്ല. അത്രക്ക്‌ വ്യക്തമാണ്‌ കാര്യം. അദൃശ്യ സൃഷ്ടികളായ ജിന്നിനോടും മലക്കിനോടും സഹായം ആവശ്യപ്പെടുന്നത്‌ ശിര്‍ക്ക്‌ തന്നെയാണ്‌. ഈ കാരണത്താലാണ്‌ മന്ത്രവാദവും ഉറുക്കുമൊക്കെ ശിര്‍ക്കായത്‌. ഇസ്‌ലാഹ്‌ മാസികക്കാരന്റെ വിശദീകരണം പോലെ അത്‌ കളളുകുടിപോലെ ഹറാം മാത്രമാണെന്ന്‌ പോലുമല്ല എഴുതിയിട്ടുളളത്‌. എന്തിന്‌, എ പി വിഭാഗം പണ്ഡിത സഭയില്‍ ഒരുപറ്റമാളുകള്‍, ശാഖകള്‍ തോറും ജിന്ന്‌ ഇറക്കല്‍ ക്ലിനിക്കുകള്‍ തുടങ്ങണമെന്ന്‌ ആവശ്യമുന്നയിച്ച വിവരം അബ്ദുറഹ്‌മാന്‍ സലഫി വെളിപ്പെടുത്തിയിരുന്നല്ലോ. അത്തരം കേന്ദ്രങ്ങള്‍ പോലും ശിര്‍ക്കിന്റെ ചുവയുളളതാണെന്ന്‌ മേല്‍വരികള്‍ വ്യക്തമാക്കുന്നു. ഉമര്‍ മൗലവി ഈ വരികള്‍ എഴിതിയ കാലത്ത്‌ മര്‍യം ബീവിയുടെയും ഹാജറ ബീവിയുടെയും ചരിത്രമുദ്ധരിച്ച്‌ ഇതിനെ ഖണ്ഡിക്കാന്‍ ആദര്‍ശ അട്ടിമറിക്ക്‌ ഡോക്ടറേറ്റെടുത്തവരും കൊണ്ടോട്ടിക്കാരന്‍ തൗഹീദിന്റെ ഗോഡൗണും ശിഷ്യന്‍മാരും ഒന്നും ഇല്ലായിരുന്നല്ലോ. അന്ന്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ മേല്‍വിലാസത്തില്‍ അറിയപ്പെട്ടിരുന്നവര്‍ക്കൊക്കെയാവട്ടെ ഇതൊക്കെ മനസ്സിലാക്കാന്‍ കഴിവുമുണ്ടായിരുന്നു. കാരണം അവര്‍ക്കൊന്നും ബുദ്ധി ഉപയോഗിക്കുന്നത്‌ ഹറാമല്ലായിരുന്നല്ലോ.

ചുരുക്കത്തില്‍ ശബാബിലെ ഉദ്ധരണിയും ഇസ്വ്‌ലാഹ്‌ മാസികയിലെ ഉദ്ധരണിയും രണ്ടും രണ്ടാണ്‌. പദസാമ്യതകള്‍ മറയാക്കി ശബാബിനെ ശിര്‍ക്കിന്‌ തെളിവാക്കാന്‍ ഉപയോഗിക്കേണ്ട. ജിന്നിനോടൂം മലക്കിനോടും സഹായം തേടുന്ന കാര്യം പറഞ്ഞിടത്തേക്ക്‌ ശബാബിലെ ഉദ്ധരണി ഒരിക്കലും യോജിക്കില്ല. ഇസ്വ്‌ലാഹ്‌ മാസികയിലെ അപകടവാദത്തെ ന്യായീകരിക്കുന്നതിന്റെ ഭാഗമായി 2007 ജൂണ്‍ ലക്കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു: മരിച്ചുപോയ മഹാന്‍മാരെയോ തന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നതിലും അകലം ജീവിച്ചിരിക്കുന്ന വലിയ്യിനെയോ വിളിച്ച്‌ സഹായം ആവശ്യപ്പെടാം എന്നതും സമീപത്ത്‌ എന്റെ ശബ്ദം കേള്‍ക്കുന്ന മനുഷ്യനോ ജിന്നോ മലക്കോ എന്നെ സഹായിക്കട്ടെ എന്ന്‌ ഉദ്ദേശിച്ച്‌ പടപ്പുകളേ വഴികാണിക്കണേ എന്ന്‌ പറയുന്നതും ഒരുപോലെയാണോ?(പേജ്‌:32)
അതായത്‌, വിജനപ്രദേശത്ത്‌ സഹായം തേടാന്‍ ഇസ്വ്‌ലാഹ്‌ മാസിക അനുവദനീയമാക്കിയ ആളുകളില്‍ മരിച്ചുപോയവരോ വളരെ അകലെയുളളവരോ ഉള്‍പ്പെടുന്നില്ല. ഇനിയൊരു നാള്‍ ഇവിടുത്തെ സുന്നികള്‍ 2007 ഏപ്രില്‍ മാസത്തിലെ ഇസ്വ്‌ലാഹ്‌ മാസികയിലെ വിവാദ ഉദ്ധരണിക്ക്‌ സമാനമായ ഒരു പരാമര്‍ശം പ്രസിദ്ധീകരിക്കുന്നു എന്ന്‌ വിചാരിക്കുക. ബ്രാക്കറ്റിലെ മനുഷ്യന്‍, ജിന്ന്‌, മലക്ക്‌ എന്നിടത്ത്‌ മരണപ്പെട്ട മഹാത്മാക്കള്‍ എന്നു കൂടി ചേര്‍ക്കുന്നു. എന്നിട്ട്‌ ഇതിന്‌ ന്യായീകരണമായി ഇസ്വ്‌ലാഹ്‌ മാസികയിലെ വരികള്‍ നാടൊട്ടുക്കും വായിച്ച്‌ നടന്ന്‌ അതിലെ പദസമാനത തെറ്റിദ്ധരിപ്പിക്കലിന്‌ പുകമറയാക്കുക കൂടി ചെയ്‌താലോ. അത്‌പോലെയാണ്‌ നവയാഥാസ്ഥിതികര്‍ ഇപ്പോള്‍ ശബാബിനെ കൂട്ടുപിടിക്കാന്‍ നോക്കുന്നത്‌. മലക്കിനോടോ ജിന്നിനോടോ സഹായം തേടുന്നത്‌ അനുവദനീയമാക്കുന്ന ഒരു തെളിവും മുജാഹിദുകളുടെതായി ഈ പുത്തന്‍വാദികള്‍ക്ക്‌ ലഭിക്കില്ലെന്ന്‌ ലോകം എന്നേ മനസ്സിലാക്കി. ഇക്കൂട്ടരാവട്ടെ, അത്‌ മനസ്സിലാക്കാന്‍ ഇനി, ബുദ്ധി ഉപയോഗിക്കുന്നത്‌ മതവിരുദ്ധമാണെന്ന വാദം തിരുത്തേണ്ടി വരും.

Comments